ഇപ്പോഴത്തെ വ്യവസായ മന്ത്രിയും, മുസ്ലിം ലീഗ് നേതാവും, ഐസ്ക്രീം ഫെയിമുമായ പി.കെ. കുഞ്ഞാലി ക്കുട്ടി നൂറ്റിനാല്‍പ്പത്തിഒന്ന് എം.എല്‍.എ. മാര്‍ക്കും ഓരോ ഐ പാഡ് സമ്മാനമായി നല്‍കി. ഒന്നിന് 40,000 രൂപ വില വരും. വ്യവസായ വകുപ്പിന്റെ വകയായി നല്‍കിയതല്ല ഇത്. സ്വന്തം നിലയില്‍ കൊടുത്തതാണ് . ഇരുപത്തിമൂന്നു എം.എല്‍. എ. മാര്‍ ഒഴികെ ബാക്കി എല്ലാവരും അത് സന്തോഷത്തോടെ സ്വീകരിച്ചു. ഇടതുപക്ഷ എം.എല്‍.എ. മാരും സ്വീകരിച്ചവരുടെ കൂട്ടത്തില്‍ പെടും. 'കൊണ്ട് പോടാ' (അങ്ങനെ മനസ്സില്‍ പറഞ്ഞിട്ടുണ്ടാവും) എന്ന് പറഞ്ഞവരില്‍ പ്രമുഖന്‍ വി. എസ്. ആണ്. മറ്റു 22 പേര്‍ ആരാണെന്ന് പത്രത്തില്‍ കണ്ടില്ല. ഏതായാലും അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. സ്വീകരിച്ച യു.ഡി.എഫ്. എം.എല്‍.എ.മാരെ ഞാന്‍ കുറ്റം പറയില്ല. പക്ഷെ സ്വീകരിച്ച ഇടതുപക്ഷക്കാരുണ്ടല്ലോ, വിശേഷിച്ചു കമ്യൂണിസ്ടുകാര്‍, അവരോടു പുച്ഛമാണ് തോന്നുന്നത്. ഇത്രയും നെറികേട് ചെയ്ത ഒരു വൃത്തികെട്ട മനുഷ്യന്റെ കയ്യില്‍ നിന്ന് 'സമ്മാനം' വാങ്ങാന്‍ ലജ്ജയില്ലേ ഇവന്മാര്‍ക്ക്. രാഷ്ട്രീയ എതിരാളികളുമായി വ്യകതിപരമായ അടുപ്പം പുലര്‍ത്തുന്നതിലോ സ്നേഹം പങ്കിടുന്നതിലോ ഒരു തെറ്റുമില്ല. പക്ഷെ, നെറികേടിന്റെ പര്യായമായ ഒരുവനുമായി എങ്ങനെ സ്നേഹം പുലര്‍ത്താന്‍ കഴിയും? ഒരു വെറുക്കപ്പെട്ടവനല്ലേ ഇയാള്‍? അല്ലെന്നുണ്ടോ? ഇയാളുടെ പേരിലുള്ള ആരോപണങ്ങള്‍ കെട്ടിചമച്ചതാണെന്ന് കമ്മ്യൂണിസ്റ്റു കാര്‍ കരുതുന്നുണ്ടോ? അതോ ചിലര്‍ പറയുന്നത് പോലെ ശിക്ഷിക്കപ്പെടുന്നതു വരെ ആരും കുറ്റവാളിയല്ല എന്ന 'ആപ്ത വാക്യം' ഇവിടെ പ്രയോഗിച്ചു കുഞ്ഞാപ്പയേയും ആ കൂട്ടത്തില്‍ പെടുത്തുകയാണോ?
അതല്ലെങ്കില്‍ 'അയാള്‍ കുറ്റവാളിയാണെങ്കിലും ഞങ്ങള്‍ക്ക് വ്യക്തിപരമായി അയാളോട് അലോഗ്യമൊന്നു
മില്ല' എന്ന അവസരവാദപരമായ നിലപാട് സ്വീകരിക്കുകയാണോ? അതോ, യേശു കൃസ്തുവിന്റെ ഉപദേശം അംഗീകരിച്ചു കൊണ്ട്, ഏത് അറപ്പുളവാക്കുന്ന പ്രവൃത്തി ചെയ്തവനെയും സ്നേഹം കൊണ്ട് പരിവര്‍ത്തിപ്പിക്കുന്ന അത്യുദാത്തമായ മാര്‍ഗം സ്വീകരിക്കുകയാണോ? ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ നിന്ന് ചായ കുടിക്കുന്നത് വിലക്കിയവര്‍ ഇതൊന്നും പറയുമെന്ന് തോന്നുന്നില്ല. ശത്രുവിനെ ശത്രുവായിത്തന്നെ കണ്ട് പരിപൂര്‍ണ നിസ്സഹകരണം പുലര്‍ത്തുന്നവര്‍ തന്നെയാണ് കമ്യൂണിസ്ടുകാര്‍.
പിന്നെയെന്തേ കുഞ്ഞാലിക്കുട്ടിയുടെ സമ്മാനം സ്വീകരിച്ചു? അയാള്‍ ശത്രുവല്ല. നാളെ മിത്രമാവേണ്ടവനാണ്. മിത്രമാക്കാന്‍ വേണ്ടിയായിരുന്നു ഐസ്ക്രീം കേസ് അട്ടിമറിച്ചത് എന്ന് ആര്‍ക്കാണ് അറിയാത്തത്. അതിനു കൂട്ട് നിന്നത് അന്നത്തെ അഡ്വക്കേറ്റ് ജനറല്‍ എം.കെ. ദാമോദരന്‍. അയാള്‍ കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് 15 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന് അന്ന് അതിനു വേണ്ടി എല്ലാം ചെയ്ത കെ.എ. റൌഫ് തന്നെ പറഞ്ഞു. അതിന്റെ വീഡിയോ തെളിവുകള്‍ ഇന്ത്യാവിഷന്‍ ചാനലില്‍ സംപ്രേഷണം ചെയ്തു.(2011 ഒക്ടോബര്‍) ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ പി. ശശിയാണ് പാര്‍ട്ടിക്ക് വേണ്ടി എല്ലാ കരുക്കളും നീക്കിയത്. പൊളിറ്റിക്കല്‍ സെക്രട്ടറിയായി ഇരുന്നു കൊണ്ട് നായനാരെ നിയന്ത്രിച്ചിരുന്നത് ഇയാളാണ്. അന്നത്തെ ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ആയിരുന്ന കല്ലട സുകുമാരന്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് സ്ഥാപിച്ചു കൊണ്ട് 14 പേജുള്ള ഒരു റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയെങ്കിലും അതൊക്കെ അട്ടത്ത് വെക്കുകയും വെറും നാല് പേജുള്ള ദാമോദരന്റെ റിപ്പോര്‍ട്ട് നാല് കയ്യും കൂട്ടി സ്വീകരിക്കുകയുമാണത്രെ ഉണ്ടായത്. കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ചാല്‍ മുസ്ലിം ലീഗ് എല്‍.ഡി.എഫ്.ല്‍ ചേരുകയും അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരം ഉറപ്പാക്കുകയും ചെയ്യാം. അതായിരുന്നു അടവ് നയം. അത് പൊളിയുകയും കുഞ്ഞാലിക്കുട്ടി 'അഗ്നിശുദ്ധി വരുത്തി' മാന്യനായി ഇടതു പക്ഷത്തെ കൊഞ്ഞനം കാട്ടി നടക്കുകയും ചെയ്യുന്നു; ഇപ്പോള്‍ നാട് ഭരിക്കുകയും ചെയ്യുന്നു. അധികാരത്തിനു വേണ്ടി എന്ത് നെറികേടും ചെയ്യുന്നവര്‍ക്ക് കിട്ടിയ ശിക്ഷയാണ് അത്!
കുഞ്ഞാലിക്കുട്ടിയുടെ 'ഉപഹാരം' വാങ്ങിയ കമ്യൂണിസ്റ്റു കാര്‍ക്ക് ഉളുപ്പുണ്ടോ എന്ന് ചോദിച്ചാല്‍ ക്ഷോഭിക്കരുത്. വ്യകതിപരമായ സ്നേഹം എന്ന ന്യായീകരണത്തിനൊന്നും ഇവിടെ ഒരു പ്രസക്തിയുമില്ല.
സാമൂഹികവിരുദ്ധമായ, മനുഷ്യത്വ വിരുദ്ധമായ, ക്രിമിനല്‍ എന്ന് വിളിക്കാവുന്ന കുറ്റങ്ങള്‍ ചെയ്തവനോട് ഒരു മനുഷ്യ സ്നേഹിക്ക്, ഒരു നീതി ബോധമുള്ളയാള്‍ക്ക്, നന്മയുടെ പക്ഷത്തു നില്‍ക്കുന്നയാള്‍ക്ക് സൗഹൃദം പുലര്താനാവില്ല; ആവുകയു മരുത്. പിന്നെന്തു കോപ്പിലെ ആദര്‍ശം സഖാവേ?
നാളെ ഗോവിന്ദച്ചാമി നിങ്ങള്‍ക്കൊരു സമ്മാനം നല്‍കിയാല്‍ നിങ്ങള്‍ അത് സ്വീകരിക്കുമോ?